തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മരണം സംഭവിച്ചത് ആരോഗ്യ മേഖലയെ ആശങ്കയിലാക്കി. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിൽ ചെമ്പ്രശ്ശേരി സ്വദേശിയായ 14 വയസ്സുകാരൻ നിപ ബാധയെ തുടർന്ന് മരണപ്പെട്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർദ്ദേശം നൽകി. മുൻകരുതൽ നടപടികൾ ശക്തമാക്കാനും വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കാനും നടപടികൾ സ്വീകരിച്ചതായും സർക്കാർ അറിയിച്ചു.
2018ലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. പിന്നീട് 2021ലും 2023ലും രോഗവ്യാപനം ആവർത്തിച്ചു. സംസ്ഥാനത്ത് ഇതുവരെ 21 പേരാണ് നിപ ബാധിച്ച് മരണമടഞ്ഞത്. ഇതിൽ 17 മരണങ്ങളും 2018ൽ ആയിരുന്നു. 2021ൽ ഒരാൾ രോഗം ബാധിച്ച് മരണമടഞ്ഞപ്പോൾ 2023ൽ 2 പേരുടെ ജീവനാണ് രോഗം കവർന്നത്.
ലോകത്ത് ആദ്യമായി 1998ൽ മലേഷ്യയിലെ നിപ എന്ന സ്ഥലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗം 2001ലാണ് ഇന്ത്യയിലെത്തിയത്. ബംഗാളിലെ സിലിഗുഡിയില്‍ 71 പേര്‍ക്കാണ് അന്ന് രോഗം ബാധിച്ചത്. ഇതിൽ 50 പേരും മരിച്ചു. പിന്നീട് 2007 ഏപ്രിലിൽ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ബംഗാളിലെ നാദിയ ജില്ലയിൽ 30 പേർക്ക് രോഗബാധയുണ്ടായി. ഇതിൽ 5 പേർ മരിച്ചതായി സ്ഥിരീകരിച്ചു.
കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധയേറ്റുള്ള മരണം സംഭവിച്ചത് 2018 മെയ് 5നായിരുന്നു. മെയ് 19നായിരുന്നു മരണകാരണം നിപ വൈറസ് ആണെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്ത് സൂപ്പിക്കടയിൽ സാബിത്ത് ആയിരുന്നു കേരളത്തിലെ ആദ്യ നിപ വൈറസ് ബാധയേറ്റ് മരിച്ച രോഗി. പഴം തീനി വവ്വാലുകളിൽ നിന്നാണ് കേരളത്തിൽ നിപ വ്യാപനം ഉണ്ടായത് എന്നാണ് അനുമാനം. സാബിത്തിനെ ചികിത്സിച്ച ആരോഗ്യ പ്രവർത്തക, പേരാമ്പ്രയിലെ നേഴ്സ് ലിനി എന്നിവരുടെ മരണങ്ങൾ ആരോഗ്യ പ്രവർത്തകർക്കിടയിൽ സാഹചര്യത്തിന്റെ തീവ്രതയെക്കുറിച്ചുള്ള വ്യക്തമായ ദിശാസൂചികയായി.
2019ൽ എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഗോകുൽ കൃഷ്ണ നിപ ബാധിച്ച് മരിച്ചു. വവ്വാൽ കടിച്ച പേരക്ക യുവാവ് കഴിച്ചിരുന്നു എന്ന നിഗമനത്തിലായിരുന്നു ആരോഗ്യ വകുപ്പ്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം മുന്നൂരിലായിരുന്നു 2021ൽ സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. 2023ൽ കോഴിക്കോട് ജില്ലയിലായിരുന്നു രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ജന്തുജന്യ രോഗങ്ങളുടെ പട്ടികയിലാണ് ലോകാരോഗ്യ സംഘടന നിപയെ ഉൾപ്പെടുത്തിയിരിക്കുന്നത്. വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും രോഗം പകരുന്നു. രോഗബാധയേറ്റ വളര്‍ത്തുമൃഗങ്ങളില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പകരാം. വൈറസ് ബാധയുള്ള മൃഗങ്ങളുമായി അടുത്തിടപഴകുന്നതോ പക്ഷികളും മൃഗങ്ങളും കടിച്ചുപേക്ഷിച്ച പഴങ്ങള്‍ കഴിക്കുന്നതിലൂടേയോ വൈറസുകള്‍ മനുഷ്യശരീരത്തിലെത്താം.
രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ, വവ്വാലുകള്‍ ഭക്ഷിച്ചുപേക്ഷിച്ച പഴവര്‍ഗങ്ങള്‍ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വൈറസ് ശരീരത്തിനുള്ളിലെത്തിയാല്‍ അഞ്ചുമുതല്‍ പതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. കടുത്ത പനി, തലവേദന, തലകറക്കം, ബോധക്ഷയം, ചുമ, വയറുവേദന, ഛർദ്ദി, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പനി ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മൂര്‍ച്ഛിച്ച് രോഗി മരണവക്ത്രത്തിലേക്ക് എത്തുന്നു.
സ്രവപരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രക്തം, മൂത്രം, തൊണ്ടയിൽ നിന്നുള്ള സ്രവം, നട്ടെല്ലിൽ നിന്നും കുത്തിയെടുക്കുന്ന സ്രവം എന്നിവ പരിശോധനയ്ക്ക് എടുക്കുന്നു.
രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഒട്ടും താമസിയാതെ വൈദ്യസഹായം തേടേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നു. രോഗികളുമായി അടുത്തിടപെടുന്നവര്‍ മാസ്ക്, കൈയുറ എന്നിവ ധരിക്കണം. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു.
നിലവിൽ നിപ ബാധിച്ച് ഈ വർഷം ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എങ്കിലും ജാഗ്രത അനിവാര്യമാണ് എന്ന സൂചന തന്നെയാണ് നിലനിൽക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും പരിശോധനാ സംവിധാനങ്ങളിലൂടെയും വിദഗ്ധ ചികിത്സയിലൂടെയും ബോധവത്കരണങ്ങളിലൂടെയും രോഗത്തെ പടിക്ക് പുറത്ത് നിർത്തേണ്ടതുണ്ട്.